Wednesday, January 30, 2013

സീരിയല്‍ കില്ലര്‍




''എന്നാലും ഈ പ്രായത്തിലുള്ള പിള്ളേര് കാണിക്കാന്‍ കൊള്ളാവുന്ന പണിയാണോ ഇവന്‍ കാണിച്ചത്.വന്നു വന്നു ഇപ്പൊ എന്തും ചെയ്യാമെന്നായി.നിങ്ങള് കൊഞ്ചിച് കൊഞ്ചിച്ചാ ഇങ്ങനെ വഷളായത് ചെക്കന്‍.ഇനി ഞാനൊന്നും പറയുന്നില്ല.നിങ്ങള് തന്നെ എന്നാന്നു വെച്ചാ തീരുമാനിക്ക്''
അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുതിരിക്കുന്നത് അവന്‍ ഒളി കണ്ണിട്ടു നോക്കി .വേണ്ടാ ഇപ്പൊ ഒന്നും മിണ്ടണ്ട.ഇനീം ചീത്ത കിട്ടും.കൈ രണ്ടും മുന്‍പില്‍ കോര്‍ത് പിടിച്ചു തല താഴ്ത്തി അവന്‍ നിന്നു.

മുത്തശി ആണേല്‍ മുഖത് പോലും നോക്കുന്നില്ല.ഭയങ്കര കലിപ്പിലാണ്.അറുപത്താറു വയസ്സായി.ഇനീം എന്തൊക്കെയോ നഷ്ടപ്പെട്ട ഭാവം ആണ് മുഖത്.എന്തൊക്കെയോ പിരു പിറുക്കുന്നും ഉണ്ട്.
ചേച്ചി ആണേല്‍ എല്ലാം കണ്ട് ഇങ്ങനെ രസത്തില്‍ ഇരിക്കുന്നു.ദുഷ്ട .കഴിഞ്ഞ ആഴ്ച രാത്രി മൊബൈല്‍ ഫോണില്‍ സംസാരിചോണ്ടിരുന്നപ്പോള്‍ അവളെ അമ്മ പൊക്കി.അന്നേരം അവള്‍ക് വേണ്ടി വക്കാലത്ത് പറയാന്‍ ഞാന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. അവള്‍ടെ ബോയ്‌ ഫ്രണ്ട് എനിക്കൊരു ഉപകാരം ചെയ്ത് തരാമെന്നു പറഞ്ഞതോണ്ട് ആണെന്ന് അവള്‍ പറയും എങ്കിലും.
എന്നാലും ഒരു അനിയന്റെ ദുര്‍വിധി കണ്ട് ചിരിക്കുന്ന ദുഷ്ട. ഇവള്‍ എന്റെ ചേച്ചിയായി തന്നെ ഉണ്ടായല്ലോ.
അച്ഛന്‍ ആണേല്‍ നിസ്സഹായനായി ഇരിക്കുന്നു.എന്നതാ പറയണ്ടതെന്നു അച്ഛന്‍ ഇങ്ങനെ ആലോചിക്കുന്നു.
അച്ഛനെ പറഞ്ഞിട്ടും കാര്യമില്ല .എന്നെക്കാളും കഷ്ടമാണ് ഈ വീട്ടില്‍ അച്ഛന്റെ അവസ്ഥ.ഒന്ന് പുറത്ത് ഇറങ്ങണം എങ്കില്‍ എത്ര അനുവാദം വാങ്ങണം.പാവം.
മൂന്നു ഭദ്രകാളിമാരുടെ ഇടയില്‍ രണ്ടു മാന്പേടകള്‍.
''നിങ്ങളെന്നതാ മനുഷ്യാ ഇന്ത്യന്‍ പ്രധാന മന്ത്രിയാണോ.ഇങ്ങനെ ഒന്നിനും മിണ്ടാതെ ഇരിക്കാന്‍. ചെക്കനെ എങ്ങനെ ന്യായീകരിക്കാം എന്ന് ആലോചിക്കുക ആയിരിക്കും അല്ലെ.''
അച്ഛന്‍ മൌനം വെടിഞ്ഞു.''അല്ല സുമേ ,അതിനും മാത്രം ഒന്നും അവന്‍ ചെയ്തില്ലല്ലോ.അവന്റെ ഭാഗത്തും ന്യായമില്ലെ??അതൂടെ ആലോചിക്കുമ്പോള്‍ ...''
''എനിക്കറിയാം അല്ലേലും നിങ്ങള്‍ അതെ പറയൂ എന്ന്.ഞാന്‍ അവന്റെ എന്ത് കാര്യത്തിനാ ഇവിടെ കുറവ് വരുത്തിയത്.ഇപ്പൊ വരാം എന്ന് ഞാന്‍ എത്ര തവണ പറഞ്ഞു.അവനെന്താ വായുഗുളിക വാങ്ങാന്‍ പോണുണ്ടോ.''
മുത്തശി ഇടയ്ക്കൊരു ആത്മഗതം''പാവം ജയന്തിയുടെ അവസ്ഥ എന്തായോ എന്തോ ??''
''ആ അത് തന്നെയാ ഞാനും ആലോചിക്കുന്നത്.ഇങ്ങനാണേല്‍ ഇവനെ വല്ല
ബോര്ടിങ്ങിലും ആക്കേണ്ടി വരും ''
അമ്മയുടെ ഈ കമന്റ്‌ ഒരു ചാട്ടുളി പോലെയാണ് അവന്റെ നെഞ്ചില്‍ തറച്ചത്.എന്നാലും അമ്മെ എന്നോട് ഈ കൊലച്ചതി ചെയ്യാനാണോ ഉദ്ദേശം??
അച്ഛന്‍ പതിയെ സ്ഥലം കാലിയാക്കി.കേബിള്‍ നന്നാക്കാന്‍ ആളെ വിളിച്ചോണ്ട് വരാം എന്നും പറഞ്ഞു.
''ശോ ഇപ്പൊ വൃന്ദാ വനവും കഴ്ഞ്ഞു കാണും.അമ്മക്കിളിയും കണ്ടില്ല കുങ്കുമ പൂവും കണ്ടില്ല്ല ,ഈ അഹങ്കാരി കാരണം.''
മൊബൈല്‍ ഫോണ്‍ പതിയെ ഒളിപ്പിച് പിടിച്ചു ചേച്ചി പയ്യെ അകത്തേക്ക് പോയി.
ഇനി ഇവിടെ നിന്നാല്‍ പന്തിയാകില്ല.അവന്‍ അകത്തേക്ക് അടി വെച്ച് നടക്കാന്‍ തുടങ്ങി.
നിക്കെടാ അവിടെ.ഇത്രേം നേരം ആയിട്ടും യുണിഫോം പോലും മാറാതെ ഇങ്ങനെ കൂറ ആയി നടന്നോ.വാ ഇങ്ങൊട്ട്.
അവന്റെ കയ്യില്‍ പിടിച് അമ്മ അകത്തേക് കൊണ്ട് പോയി.
രംഗം ശാന്തമാകുംപോളും മുത്തശി ഹാപ്പി അല്ലായിരുന്നു.ഇഷ്ടപ്പെട്ട മൂന്നു സീരിയല്‍ അല്ലെ ചെക്കന്‍ കാരണം മിസ്സ്‌ ആയത്.ഇനി ഇപ്പൊ നാളെ കാണാം എന്ന് വെച്ചാല്‍ പുന സംപ്രേക്ഷണത്തിന്റെ സമയത്ത് ഒടുക്കത്തെ കറണ്ട് പോക്ക് .ഇനി നാളെ കണ്ടാലും കഥ മനസ്സിലാകുമോ ആവോ.ഭഗവതീ ജയന്തിക്ക് ഒന്നും വരുത്തല്ലേ.പാവം ഇതിനോട് ഇടയ്ക്ക് എത്ര അനുഭവിച്ചു.ഒരു മനുഷ്യ ജന്മത്തില്‍ ആര്‍ക്കും വരുത്തല്ലേ ഇത് പോലൊരു അവസ്ഥ .
അച്ഛന്‍ കുറച്ചു കഴ്ഞ്ഞപ്പോള്‍ തിരിച് വന്നു.എന്നിട്ട് പറഞ്ഞു.നാളെ കേബിള്‍ നന്നാക്കാന്‍ ആള് വരുമെന്ന്
മുത്തശി ചോദിചു '' നീ ഇപ്പൊ കൊണ്ട് വരാം എന്ന് പറഞ്ഞാണല്ലോ പോയത്.എന്നിട്ട്.അല്ലേലും നീയൊരു കൊഞ്ഞാണന്‍ തന്നെയാ.''
എന്ത് കേട്ടാലും പ്രതികരികാത്ത വിധം അച്ഛന്‍ തന്റെ മനസ് പാകപെടുത്തി വെച്ചിരുന്നു.ഒന്ന് മന്ദഹസിച് അച്ഛന്‍ അകത്തേക്ക് കയറി പോയി.
ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ എന്റെ കുറ്റം ആ തെണ്ടി ബോയ്‌ ഫ്രെണ്ട് നോട്‌ പറയുന്നത് കേള്‍ക്കാമായിരുന്നു.ഇവരെല്ലാം സീരിയല്‍ കാണുമ്പോ വേണ്ടേ അവള്‍ക് ഫോണ്‍ വിളിക്കാന്‍.ശവം.
അല്‍പ നേരം കഴ്ഞ്ഞു അച്ഛന്‍ അടുത്ത് വന്നു , എന്നിട്ട് പറഞ്ഞു.''ഇങ്ങനെ ഒക്കെ ആണോടാ ചെയ്യുന്നത്.അമ്മ ഭക്ഷണം എടുത്ത് തരാനും കുളിപ്പിക്കാനും ഒന്നും വന്നില്ലേല്‍ അതൊക്കെ നീ തന്നെ ചെയ്യണ്ടേ .നമ്മള്‍ ആണുങ്ങള്‍ അല്ലേഡാ.അതിനു കേബിള്‍ വയര്‍ മുറിച് കളഞ്ഞ കൊണ്ട് എന്ത് കാര്യം.അവര്‍ എന്തായാലും സീരിയല്‍ കാണും.
ഈ വയസ്സാം കാലത്ത് മുത്തശി പിന്നെ എന്നാ ചെയ്യാനാ.'
കെട്ടിപിടിച് ഉമ്മ തന്നിട്ട് അച്ഛന്‍ ഗുഡ്നൈറ്റ് പറഞ്ഞു പുറത്തിറങ്ങി.

സമാധാനമായി .പെട്ടെന്ന് അച്ഛന്‍ തിരിഞ്ഞിട്ട് പറഞ്ഞു,''എന്നാലും കലക്കി.കുറെ കാലമായി ഞാന്‍ വിചാരിക്കുന്നതാ നീ സാധിച് തന്നത്.ഇങ്ങനെ വേണം മക്കള്‍.അച്ഛന്റെ നടക്കാത്ത സ്വപ്‌നങ്ങള്‍ സാധിച് തരുന്നവര്‍ ആകണം മക്കള്‍''
ഒരു കള്ളചിരി ചിരിച് അച്ഛന്‍ സ്വന്തം മുറിയിലേക്ക് നടന്നു.

''ബോര്ടിങ്ങിലെങ്ങാനും അവനെ ആക്കിയാല്‍ കൊന്നു കളയും ഞാന്‍ നിങ്ങളെ എന്ന് അമ്മ ഉറക്കെ പറയുന്ന ശബ്ദവും കേട്ടു.]

കുരുത്തം കേട്ട ചെക്കാ എന്ന് വിളിച്ചോണ്ട് മുത്തശി വന്നു കെട്ടിപിടിച്ചു.
ഇതെല്ലാം ഭംഗിയായി അവസാനിച്ചിട്ടും ആ വൃത്തി കെട്ടവള്‍ മാത്രം ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും വന്നില്ല.അതെങ്ങനാ അവളുടെ ഫോണ്‍ വിളി മുടങ്ങിയില്ലേ.

അഞ്ചാം ക്ലാസ്സിലെ മീരയെയും ,ആറിലെ സൈനബയെയും സ്വപ്നങ്ങളില്‍ വിരുന്നുകാരാക്കി നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവന്‍ നിദ്രയിലേക്ക് വഴുതി വീണു.എപ്പോഴോ നെറ്റിയില്‍ ആരോ വന്നു തലോടിയതായി അവന്‍ അറിഞ്ഞു.സൈനബ ആയിരിക്കും എന്ന് വിചാരിച് അവന്‍ കണ്ണ് തുറന്നില്ല.നെറ്റിയില്‍ ഉമ്മയും കൊടുത്ത് അവനെ പുതപ്പിച് അവനെ കെട്ടിപ്പിടിച് അവന്റെ ''വൃത്തികെട്ട'' ചേച്ചിയും ഉറക്കത്തിലേക്ക് വഴുതി വീണു.. :) :)